26 August, 2012

നീല്‍ ആംസ്‌ട്രോങ് അന്തരിച്ചു

Published on  26 Aug 2012


വാഷിങ്ടണ്‍: ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ മനുഷ്യന്‍ നീല്‍ ആംസ്‌ട്രോങ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഈ മാസാദ്യം ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായതിനെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണു മരണകാരണമെന്നു കുടുംബവൃത്തങ്ങള്‍ പറഞ്ഞു.

അമേരിക്കന്‍ ബഹിയാകാശയാത്രികരായ നീല്‍ ആംസ്‌ട്രോങ്ങിനെയും എഡ്വിന്‍ ആല്‍ഡ്രിനെയും വഹിച്ചുകൊണ്ടുള്ള 'അപ്പോളോ 11' പേടകം 1969 ജൂലായ് 20നാണു ചന്ദ്രനിലിറങ്ങിയത്. മിഷന്‍ കമാന്‍ഡറായ ആംസ്‌ട്രോങ്ങാണ് ആദ്യം ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയത്. തുടര്‍ന്ന് അദ്ദേഹം ഉച്ചരിച്ച ആദ്യവാചകം പിന്നീട് ചരിത്രത്തിലിടം നേടി: 'മനുഷ്യന് ഇതൊരു ചെറു കാല്‍വെപ്പ്; മാനവകുലത്തിനാവട്ടെ വലിയൊരു കുതിച്ചുചാട്ടവും.' മൂന്നു മണിക്കൂറോളം ചന്ദ്രോപരിതലത്തില്‍ നടന്നശേഷമാണ് ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും ഭൂമിയിലേക്കു മടങ്ങിയത്.

യു.എസ്സിലെ ഒഹായോയില്‍ 1930 ആഗസ്ത് അഞ്ചിനു ജനിച്ച ആംസ്‌ട്രോങ് 16-മത്തെ വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി. എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം യു.എസ്. നാവികസേനയില്‍ വൈമാനികനായി. കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തു. പിന്നീട് വ്യോമസേനയില്‍ ചേര്‍ന്നു. 1962ല്‍ യു.എസ്. ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ'യില്‍ പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ടു. 1971ല്‍ 'നാസ'യില്‍നിന്നു വിരമിച്ചശേഷം സിന്‍സിനാറ്റി സര്‍വകലാശാലയില്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറിങ് അധ്യാപകനായി ഒരു ദശകത്തോളം പ്രവര്‍ത്തിച്ചു.

www.mathrubhumi.com


















1 comment:

  1. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും ഉയരങ്ങളിലെത്തട്ടെ

    ReplyDelete